ദില്ലി: നീറ്റ് ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ വേറിട്ട പിന്തുണ. സമരവേദിയുടെ ലൊക്കേഷൻ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്ഷണ പൊതികളാണ് ജന്തർ മന്തറിലേക്ക് എത്തിയത്.
വളണ്ടിയർമാരുടെയും ഡെലിവറി ജീവനക്കാരുടെയും വിവരമനുസരിച്ച്, അഞ്ഞൂറിലധികം ഭക്ഷണ പൊതികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓർഡർ ചെയ്ത് ഇതിനകം സമരവേദിയിലെത്തി. ബർഗർ, സാൻഡ്‌വിച്ച്, കുടിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതിഷേധക്കാർക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് സമരവേദിയിലേക്കുള്ള വഴികൾ അടച്ചതോടെ പ്രതിഷേധക്കാർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനിടെയാണ് ഓൺലൈൻ ഭക്ഷണ ഓർഡറുകളിലൂടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടപടി ശ്രദ്ധേയമായത്.
പൊലീസ് പൊളിച്ചുമാറ്റിയ ജന്തർ മന്തറിലെ സമരവേദിയിൽ സിജെപി വീണ്ടും ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രാവിലെ മുതൽ നൂറുകണക്കിന് യുവാക്കളാണ് സമരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്നലെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് പെല്ലറ്റ് ഗൺ വരെ പ്രയോഗിച്ചുവെന്ന് സിജെപി വക്താവ് അശുതോഷ് രംഗ ആരോപിച്ചു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുകയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ രാജ്യത്തുടനീളം യുവാക്കളുടെ പ്രതിഷേധം ശക്തമാണെന്നും ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഇടത് എംപിമാർ ജന്തർ മന്തറിലെ സമരവേദിയിലെത്തി സിജെപി നേതാവ് അഭിജിത് ദീപ്കെയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി: “നീറ്റ് വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു”
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഉടൻ നടപടി സ്വീകരിച്ചുവെന്നും 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനടപടികൾ സ്വീകരിച്ചെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി പുനഃപരീക്ഷ നടത്തി വൈകാതെ ഫലം പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
തെരുവുകളിൽ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യവും അദ്ദേഹം പരാമർശിച്ചു. തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവാക്കളാണ് സമരത്തിലിറങ്ങിയിരിക്കുന്നതെന്നും അവരുടെ ഇടയിലേക്ക് എത്തി യാഥാർഥ്യം ബോധ്യപ്പെടുത്തണമെന്നും എൻഡിഎ എംപിമാർക്ക് അദ്ദേഹം നിർദേശം നൽകി.
ഇതിനിടെ, യുവാക്കൾക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജും നീറ്റ് ക്രമക്കേടും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയതോടെ പാർലമെന്റിന്റെ ഇരു സഭകളുടെയും നടപടികൾ വീണ്ടും തടസപ്പെട്ടു.
