Home Editorialപുതിയകാലത്തിന്റെ സുരക്ഷിത ആഘോഷസംസ്കാരം വളർത്തണം

പുതിയകാലത്തിന്റെ സുരക്ഷിത ആഘോഷസംസ്കാരം വളർത്തണം

by news_desk
0 comments

ഉത്സവങ്ങളും പെരുന്നാളുകളും മനുഷ്യരുടെ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പങ്കുവെയ്പ്പാണ്. മതമോ ജാതിയോ ഭാഷയോ ഭേദമില്ലാതെ മനുഷ്യരെ ഒരുമിപ്പിക്കുന്ന അപൂർവ സാമൂഹിക വേദികളാണ് ഇവ. എന്നാൽ കാലം മാറുമ്പോൾ ആഘോഷങ്ങളുടെ സ്വഭാവവും രീതികളും മാറേണ്ടതുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ, പുരോഗമനത്തിന്റെ പേരിൽ മുന്നേറുന്ന നമ്മുടെ സമൂഹത്തിൽ തന്നെ ഇപ്പോഴും കാലഹരണപ്പെട്ടതും അപകടകരവുമായ രീതികൾ നിലനിൽക്കുന്നത് ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്.
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പേരിൽ മനുഷ്യജീവിതത്തെയും പ്രകൃതിയെയും അവഗണിക്കുന്ന പ്രവണതകൾക്ക് ഇനി ഇടമില്ല. പല ആഘോഷങ്ങളിലും നിഴലിച്ചു കാണുന്ന പ്രാകൃതത്വം, ശബ്ദ മലിനീകരണം, നിയന്ത്രണമില്ലാത്ത വെടിക്കെട്ടുകൾ, സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത സംവിധാനങ്ങൾ; എല്ലാം ചേർന്ന് ഒരുതരം അപകടസംസ്കാരമായി മാറുകയാണ്. ഇതിന്റെ വില പലപ്പോഴും നിരപരാധികളായ സാധാരണക്കാരാണ് അനുഭവിക്കേണ്ടി വരുന്നത്.

തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ഈ അനാസ്ഥയുടെ ഏറ്റവും പുതിയതും വേദനാജനകവുമായ ഉദാഹരണമാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുക, അതിനെ ഒരു ആഘോഷത്തിന്റെ ഭാഗമായി അംഗീകരിക്കുക; ഇവയെല്ലാം ഗുരുതരമായ വീഴ്ചകളാണ്. ഇത്തരം ദുരന്തങ്ങളെ ‘അപകടം’ എന്നു മാത്രം വിശേഷിപ്പിച്ച് ഒഴിഞ്ഞുമാറാൻ കഴിയില്ല; പലപ്പോഴും ഇത് മനുഷ്യനിർമിതമായ ദുരന്തങ്ങളാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും, അതിൽ ആഹ്ലാദം കണ്ടെത്തുന്ന മനോഭാവവും കാലഹരണപ്പെട്ടതാണ്. ജീവൻ പണയം വച്ച് നടത്തുന്ന ആഘോഷങ്ങൾ ഒരിക്കലും സംസ്കാരത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല. വെടിക്കെട്ടിന്റെ ഉഗ്രശബ്ദത്തെയും ഭീഷണിയേറിയ ദൃശ്യങ്ങളെയും ആസ്വദിക്കുന്ന മനോഭാവം തന്നെ പുനഃപരിശോധിക്കേണ്ട സമയമാണിത്. മനുഷ്യജീവിതം പണയംവച്ച് നടത്തുന്ന ഏതൊരു ആചാരവും പാരമ്പര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ല. ആഘോഷങ്ങൾ സന്തോഷം പകരേണ്ടവയാണ്, ഭയം വിതയ്ക്കേണ്ടതല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പരിസ്ഥിതി സൗഹൃദ നവീകരണങ്ങൾ എന്നിവ ലോകത്തെ വേഗത്തിൽ മാറ്റിമറിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരമൊരു കാലത്ത്, സുരക്ഷിതവും നിയന്ത്രിതവുമായ, പരിസ്ഥിതി സൗഹൃദവുമായ ആഘോഷരീതികളിലേക്ക് മാറുന്നത് അനിവാര്യമാണ്. ലേസർ ഷോകൾ, ശബ്ദരഹിത വെടിക്കെട്ടുകൾ, നിയന്ത്രിത പ്രദർശനങ്ങൾ എന്നിവ പോലുള്ള പുത്തൻ മാർഗങ്ങൾ ഇതിനകം ലോകത്ത് പ്രചാരത്തിലുണ്ട്.

നിത്യവ്യത്തിയുടെ ഭാഗമായി പണിയെടുക്കാൻ വന്ന് നിരപരാധികളായ മനുഷ്യരാണ് മഹാദുരന്തത്തിൻ്റെ രക്തസാക്ഷികളായി മാറിയത്. ഏത് ആഘോഷവും മനുഷ്യരുടെ സന്തോഷത്തെയും സംതൃപ്തിയും മാത്രമല്ല സുരക്ഷിത്വത്തെ മുൻനിർത്തിയാവാണം. അല്ലെങ്കിൽ അതെല്ലാം മനുഷ്യനിർമ്മിത ദുരന്തങ്ങളായി കലാശിക്കുമെന്ന് കാലങ്ങളായി ഉണ്ടാകുന്ന അപകടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. അല്ലാത്തപക്ഷം കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. യുഗങ്ങൾക്ക് മുൻപുള്ള ചരിത്രത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെയെഴുതിയിട്ടുണ്ട് എന്നിങ്ങനെയെല്ലാം പറഞ്ഞ് അതാത് ആളുകളുടെ വിഭാഗങ്ങളുടെ താൽപ്പര്യത്തിന് അനുരോധമായി വ്യാഖ്യാനിച്ച് സൃഷ്ടിക്കുന്ന പമ്പര വിഡ്ഢിത്തമാണ് ഇതെല്ലാം അരിയാഹാരം കഴിയുന്നയർക്കും മനസ്സിലാക്കും. എന്നിട്ട് ഇതെല്ലാം തുടർന്നു പോരുന്നുണ്ടെങ്കിൽ നിഗുഢമായി നാടിൻ്റെ നിയമ ഭരണ സംവിധാനങ്ങളെ പോലും നിയന്ത്രിക്കാനും നിശബ്‌ദമാക്കാനും പറ്റുന്നവർ ഉണ്ടെന്നുള്ളതാണ്. ആ ശക്തികളാണ് ഇത്തരം പ്രാകൃതമായ രീതികളെയെല്ലാം വളർത്തുന്നത്. ദുരന്തത്തിൽ ദിവസങ്ങളോ ആഴ്ചകളോ മാത്രം നീണ്ടു നിൽക്കുന്ന കണ്ണീരാഞ്ജലികൾ അല്ലാതെ നടപടികളാണ് ആവശ്യം. ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാവരുത്. വെടിക്കെട്ടും ആനയെഴുന്നള്ളിപ്പ് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമാക്കണം. ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ അനന്തമായ വികാസത്തിൽ പുതിയ സാധ്യതകൾ നിരവധി കൺമുന്നിൽ തുറന്ന് നിന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ആധുനിക സാങ്കേതിക വിദ്യകളിലേക്ക് ലോകം മുന്നേറുന്ന ഈ കാലത്ത്, ആഘോഷങ്ങളും അതനുസരിച്ച് നവീകരിക്കപ്പെടണം. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങൾ സ്വീകരിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പാരമ്പര്യം സംരക്ഷിക്കുമ്പോഴും മനുഷ്യജീവിതത്തിന് മുൻഗണന നൽകേണ്ടത് അനിവാര്യമാണ്. പഴഞ്ചൻ രീതിയുടെ വാർപ്പുമാതൃകകൾ തന്നെ വളർത്തി വലുതാക്കുന്ന രീതി പൂർണ്ണമായും തള്ളികളയണം.

അത്തരം തിരുത്തലുകൾ തീർച്ചയായും സാമൂഹ്യത്തിൻ്റെ സുരക്ഷിത്വത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ഇപ്പോൾ മുണ്ടത്തിക്കോട് അപകടത്തിന് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നത് മാത്രം പോരാ; അവ കർശനമായി നടപ്പിലാക്കപ്പെടണം. താൽക്കാലിക ജാഗ്രതയല്ല, സ്ഥിരമായ ഉത്തരവാദിത്വബോധമാണ് സമൂഹത്തിനാവശ്യമായത്. ദുരന്തങ്ങൾ സംഭവിച്ചാൽ മാത്രം ഉയരുന്ന പ്രതിഷേധവും നടപടികളും പിന്നീട് മാഞ്ഞുപോകുന്ന അവസ്ഥ മാറേണ്ടതുണ്ട്. ആഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാൽ അവ മനുഷ്യജീവിതത്തിന് ഭീഷണിയാകുന്നുവെങ്കിൽ, അത്തരം രീതികളെ പുനഃപരിശോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആവേശവും പാരമ്പര്യവും നിലനിൽക്കട്ടെ; പക്ഷേ, അതിന് മീതെ മനുഷ്യജീവിതത്തിന്റെ വില നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. തീരാ നോവായി ഇന്നും അവശേഷിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനും സാമാന്യമായി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആ കമ്മീഷൻ റിപ്പോർട്ടുകൾ നിലവറയിൽ ചിതലരിച്ച കളയാനുള്ള കടലാസുകളല്ല.. അന്വേഷണ റിപ്പോർടുകൾ പൊതുജനസമക്ഷം വെളിപ്പടുത്താനും കുറ്റകാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും  നിർദ്ദേശങ്ങൾ  യഥാവിധ നടപ്പിൽ വരുത്തുകയും ഇനിയുള്ള വെടിക്കെട്ട് കേന്ദ്രങ്ങളിൽ  നടപ്പിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി അടക്കം താഴെത്തട്ടിൽ നടപ്പാക്കണം. മാറ്റം അനിവാര്യമാണ് ഒന്നും ഒന്നിനും തടസ്സമാകരുത്. ഇനി വരുന്ന ഓരോ ആഘോഷവും ആവേശത്തിനൊപ്പം ബോധവുമുള്ളതാകണം. ജീവൻ നഷ്ടപ്പെടുന്ന രീതികളെ പൂർണമായും ഉപേക്ഷിച്ച്, പുതിയകാലത്തിന്റെ സുരക്ഷിത ആഘോഷസംസ്കാരം വളർത്തിയെടുക്കേണ്ട സമയമാണിത്.

You may also like