ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തി വന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് നീക്കി. നടപടിക്കെതിരെ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
സമാധാനപരമായി മുന്നോട്ട് പോയിരുന്ന സമരത്തിനിടെയാണ് പൊലീസിന്റെ അപ്രതീക്ഷിത ഇടപെടൽ ഉണ്ടായത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തില്ലാത്ത സമയത്താണ് പൊലീസ് നടപടി സ്വീകരിച്ചത്. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം സോനം വാങ്ചുക്കിനെ പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസ് സമരപ്പന്തലിലേക്ക് കേന്ദ്രസേനയോടൊപ്പം എത്തിയത്.
പൊലീസിന്റെ നടപടിക്കെതിരെ സിജെപി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. അഭിജീത് ദീപ്കെയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിജെപി പ്രവർത്തകർ ആരോപിച്ചു. സമാധാനപരമായ സമരത്തെ പൊലീസ് ഇടപെട്ട് സംഘർഷത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ വെള്ള ബെഡ്ഷീറ്റ് കൊണ്ട് മറച്ചാണ് സോനം വാങ്ചുക്കിനെ സമരപ്പന്തലിൽ നിന്ന് പുറത്തേക്ക് മാറ്റിയത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഇന്ന് 21-ാം ദിവസത്തിലേക്ക് കടന്നിരുന്നു. ആരോഗ്യനിലയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ 20 ദിവസത്തിനിടെ അദ്ദേഹത്തിന്റെ ശരീരഭാരം 9.5 കിലോഗ്രാം കുറഞ്ഞതായി റിപ്പോർട്ടുണ്ട്.
സോനം വാങ്ചുക്കിന് നേരെ ആക്രമണശ്രമം നടന്നതായി അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാത്രി ചിലർ സമരപ്പന്തലിലേക്ക് വസ്തുക്കൾ എറിഞ്ഞെന്നും, എന്നാൽ സോനം വാങ്ചുക്കിന് പരിക്കേറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്ത് തുടർച്ചയായി അസ്വസ്ഥത സൃഷ്ടിക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ദീപ്കെ ആരോപിച്ചു.

