Home Nationalദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ

ദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ

by news_desk1
0 comments

ന്യൂഡൽഹി: ദില്ലിയിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധം തുടരുകയാണ്.

സംഘർഷത്തിൽ അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ദില്ലി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ സ്പെഷ്യൽ കമ്മീഷണറും ഡി.സി.പി.മാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. പ്രതിഷേധത്തിനിടെ 20 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് ദില്ലി പൊലീസ് ഉന്നതതല ചർച്ച നടത്തി. അതേസമയം, സമരം തുടരുമെന്നും പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി നേതൃത്വം അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സംഘടനയുടെ വിശദീകരണം.

പൊലീസ് പൊളിച്ചുനീക്കിയ ജന്തർമന്ദറിലെ സമരവേദി പ്രവർത്തകർ ശുചീകരിച്ചു. പുതിയ സമരപ്പന്തൽ വീണ്ടും ഒരുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവർ നിരാഹാര സമരം നടത്തിയിരുന്ന ജന്തർമന്ദറിലെ സമരവേദി പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി ഒഴിപ്പിച്ചിരുന്നു. സമരപ്പന്തലിലെ ഷീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും നീക്കം ചെയ്തു. പ്രദേശത്ത് ദ്രുതകർമ സേനയെയും വിന്യസിച്ചു.

സംഘർഷത്തിനിടെ പ്രതിഷേധക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പാർലമെന്റ് മന്ദിരത്തിന് സമീപവും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.

You may also like