കൊച്ചി: സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്ന ഹൈക്കോടതിയുടെ ഇടക്കാല നിർദേശം സുപ്രീം കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കേരള വഖഫ് ബോർഡ്. വഖഫ് നിയമത്തിന് വിരുദ്ധമായാണ് ജോയിന്റ് സെക്രട്ടറിക്ക് ഹൈക്കോടതി അധികാരം നൽകിയതെന്നും അത് സുപ്രീം കോടതി തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നതായും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ പ്രതികരിച്ചു.
വഖഫ് ബോർഡിന്റെ വാദം കേൾക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടിയെന്നും എല്ലാവരുടെയും വാദം കേട്ട് നീതിപൂർവമായ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ കോടതിയിൽ ഒരു നിലപാടും പൊതുവേദിയിൽ മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നതെന്നും, കേസുകൾ തള്ളണമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതെന്ന സർക്കാർ വാദം ശരിയല്ലെന്നും കെ.എസ്. ഹംസ ആരോപിച്ചു. മന്ത്രിമാർ വരെ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിയന്ത്രിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. അതേസമയം, നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ എടുക്കുന്നതിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ തുടരുമെന്നും കോടതി വ്യക്തമാക്കി.
കേസിൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ട് എത്രയും വേഗം അന്തിമവിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
