Home Nationalചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ

ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ

by news_desk1
0 comments

ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും പിടിച്ചെടുത്തു.

ദില്ലിയിൽ നിന്നെത്തിച്ച എംഡിഎംഎയും രാജസ്ഥാനിൽ നിന്നെത്തിച്ച ഓപ്പിയവും ഉൾപ്പെടെയുള്ള വൻ മയക്കുമരുന്ന് ശേഖരമാണ് കർണാടക പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കണ്ടെത്തിയത്. ഒരു മാസത്തിനിടെ സി.സി.ബി. നടത്തിയ രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.

വിൽപനയ്ക്കുള്ള ചുരിദാറുകളാണെന്ന് വ്യാജേന ദില്ലിയിൽ നിന്ന് കൊണ്ടുവന്ന പാക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12 കിലോ 925 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ഒരു നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ ശേഖരിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ടെക്കികൾക്കും വിദ്യാർഥികൾക്കും ഇടയിൽ വിതരണം ചെയ്യാനാണ് എംഡിഎംഎ എത്തിച്ചതെന്നാണ് അന്വേഷണ വിവരം. മറ്റൊരു പരിശോധനയിൽ രാജസ്ഥാനിൽ നിന്നെത്തിച്ച 7 കിലോ ഓപ്പിയവും പിടിച്ചെടുത്തു. ഈ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും, ഇവരിൽ നിന്ന് 225 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായും സി.സി.ബി. അറിയിച്ചു.

ഇതിനുപുറമെ, കോറമംഗലയിൽ നടത്തിയ പരിശോധനയിൽ അസം സ്വദേശിയായ മയക്കുമരുന്ന് കാരിയറായ സാഹിദ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 34 ലക്ഷം രൂപ വിലമതിക്കുന്ന 157 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. എല്ലാ സംഭവങ്ങളിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like