ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റേഷനകത്ത് അകപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിദ്യാർഥികളെയും സ്കൂൾ സ്റ്റാഫിനെയും മറ്റൊരു ഗേറ്റ് വഴി പൊലീസ് പുറത്തേക്ക് എത്തിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിദ്യാർഥികളെ പുറത്തിറക്കാനായത്. വിദ്യാർഥികൾക്കൊപ്പം സ്കൂളിലെ ജീവനക്കാരും സ്റ്റേഷനകത്ത് ഉണ്ടായിരുന്നു.
അതേസമയം, സിജെപി സമരം ശക്തമായതിനെ തുടർന്ന് ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്നും നിയന്ത്രണങ്ങൾ തുടരുകയാണ്. 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിലേക്ക് കൂടുതൽ യുവാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രം വീണ്ടും ചർച്ചാ ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ ദില്ലിയിൽ വിന്യസിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് സുരക്ഷാ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നു.
