ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള തമിഴ്നാട് സർക്കാരിന്റെ നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ബെഞ്ചിന്റെ നടപടി.
എൻ.ടി.കെ ഉൾപ്പെടെയുള്ള കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് അപകടങ്ങളിൽ ദിവസേന നിരവധി പേർ മരിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാനാകുമോയെന്ന് കോടതി ചോദിച്ചു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളായ 31 പേർക്കാണ് മുഖ്യമന്ത്രി വിജയ് നേരിട്ട് സർക്കാർ നിയമന ഉത്തരവുകൾ കൈമാറിയത്. ജൂലൈ 10-ന് കരൂരിൽ നടന്ന ചടങ്ങിലായിരുന്നു നിയമന ഉത്തരവുകൾ വിതരണം ചെയ്തത്.
എന്നാൽ, ആശ്രിത നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കാതെയാണ് നിയമനം നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
