ദില്ലി: ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 22കാരിയായ യുവതി കൊല്ലപ്പെട്ടു. ഭർത്താവിന്റെ സഹോദരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാറിനെ അറസ്റ്റ് ചെയ്തു.
മരിച്ച അൻഷു കുമാരി (22) കുനാൽ കുമാറിന്റെ സഹോദരനായ ധർമേന്ദ്ര കുമാറിനെ ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങൾ പാടത്ത് ജോലിക്കായി പോയിരുന്ന സമയത്താണ് സംഭവം നടന്നത്.
ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ട കുനാൽ കുമാറും അൻഷു കുമാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്റെ കൈയിൽ അഴുക്കുണ്ടെന്ന് ആരോപിച്ചാണ് തർക്കം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തർക്കം രൂക്ഷമായതോടെ കുനാൽ അൻഷുവിനെ മർദിക്കുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

