Home National‘വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെ സംരക്ഷിച്ചു; മാപ്പപറയേണ്ട ആവശ്യമില്ല’: രാഹുൽ ഗാന്ധി

‘വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെ സംരക്ഷിച്ചു; മാപ്പപറയേണ്ട ആവശ്യമില്ല’: രാഹുൽ ഗാന്ധി

by news_desk1
0 comments

ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ഡൽഹി പൊലീസിന്റെ മർദനത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയായ യുവതീ-യുവാക്കളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടി നിലകൊണ്ട വിദ്യാർത്ഥികളുടെ നിലപാടിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകൾക്കെതിരെ ശബ്ദമുയർത്തുന്നത് ഒരിക്കലും കുറ്റമല്ലെന്നും, ഒരു തെറ്റും ചെയ്യാത്ത വിദ്യാർത്ഥികൾ ആരോടും മാപ്പപറയേണ്ട സാഹചര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തവർ അക്രമം നടത്തിയിട്ടില്ലെന്നും, മറിച്ച് അവർ മർദനത്തിനും ഭീഷണികൾക്കും ഇരയായവരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുത്ത മോഡൽ റിയ ആഹിർ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ജാർഖണ്ഡ് സ്വദേശിയായ ലൂതൻ ടൊപ്പു, ലാത്തിച്ചാർജിൽ പരിക്കേറ്റ മുസ്‌കാൻ ശർമ്മ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം മാധ്യമങ്ങളെ കണ്ടു. പ്രതിഷേധത്തിനിടെ നേരിട്ട അതിക്രമങ്ങളും ഭീഷണികളും ഇവർ വിശദീകരിച്ചു.

പതിനഞ്ച് വയസ്സുള്ള വിദ്യാർത്ഥിയെ വരെ മാപ്പുപറയാൻ നിർബന്ധിച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ച അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തണമെന്നും, രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിയ ആഹിർ മാധ്യമങ്ങളോട്, പ്രതിഷേധക്കാരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമം തടയാനാണ് താൻ ഇടപെട്ടതെന്നും, അതിനുശേഷം നിരന്തരമായ അധിക്ഷേപവും വേട്ടയാടലും നേരിട്ടെന്നും പറഞ്ഞു. നൽകിയ പരാതിയിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവർ ആരോപിച്ചു.

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ലൂതൻ ടൊപ്പു, പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി ആരോപിച്ചു. മുസ്‌കാൻ ശർമ്മയും ഫർഹാനസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും പ്രതിഷേധത്തിനിടെ നേരിട്ട പൊലീസ് നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു. വിദ്യാർത്ഥികൾക്കെതിരായ നടപടികളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

You may also like