മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ 75ാം ജന്മദിനത്തിൽ ഹൃദയംതൊട്ട ആശംസകളുമായി സന്തതസഹചാരി ജോർജ്. 35 വർഷത്തെ ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് ജോർജ് മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നത്. മമ്മൂട്ടി തന്റെ ജീവിതത്തിലേക്ക് സ്വന്തം സഹോദരങ്ങളെ പോലെ ചേർത്തുനിർത്തിയ ചുരുക്കം ചിലരിൽ ഒരാളാണ് ജോർജ്.
“35 വർഷങ്ങൾ. ഹൃദയത്തിൽ പതിഞ്ഞ ഒരു യാത്ര. ജന്മദിനാശംസകൾ, എന്റെ പ്രിയപ്പെട്ട മമ്മൂക്ക. 35 വർഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു,” ജോർജ് കുറിച്ചു.
ഈ വർഷങ്ങൾക്കിടയിൽ മമ്മൂട്ടി തനിക്ക് ഒരു സഹപ്രവർത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ലെന്നും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളായിരുന്നുവെന്നും ജോർജ് പറഞ്ഞു.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും പങ്കുവെച്ച സന്തോഷങ്ങളും ജീവിതത്തിലെ പല ഉയർച്ചകളും താഴ്ചകളും ഉൾപ്പെടെ 35 വർഷത്തിനിടെ ഒരുപാട് ഓർമകൾ ഉണ്ടായിട്ടുണ്ട്. അതിൽ പലതും വാക്കുകളിലൂടെ പറയാൻ കഴിയാത്തത്ര വിലപ്പെട്ടതാണെന്നും തന്റെ ജീവിതത്തിലേക്ക് മമ്മൂട്ടിയെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ടെന്നും ജോർജ് കുറിച്ചു.
“നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തിൽ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ നമ്മൾ ഒരുമിച്ച്, ഒരുപാട് ഓർമകൾ കൂടി ഉണ്ടാക്കണം. ഈ സ്നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനിൽക്കണം. ജന്മദിനാശംസകൾ, മമ്മൂക്കാ. എന്നും സ്നേഹത്തോടെ…” എന്നായിരുന്നു ജോർജിന്റെ കുറിപ്പ്.
