തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചതായി മന്ത്രി സ്ഥിരീകരിച്ചു. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി നിലപാട് അറിയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തരമായി കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവിയെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി പൂർണമായി തള്ളണമോ അതോ ഉപാധികളോടെ അനുവദിക്കണമോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വീക്ഷണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫിൽ പദ്ധതിയോട് എതിർപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രഹസ്യമായി കരാറിൽ ഒപ്പിട്ട് പിഎംശ്രീ പദ്ധതിക്ക് തയ്യാറാണെന്ന് അറിയിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട ഏകദേശം 2000 കോടി രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്എസ്കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണെന്നും ഈ തുക തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവയ്ക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.
