Home Keralaശബരിമല സ്വർണക്കൊള്ള: കുറ്റപത്രത്തിന് ഇനി ദിവസങ്ങൾ മാത്രം; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രത്തിന് ഇനി ദിവസങ്ങൾ മാത്രം; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം. സെപ്റ്റംബർ 22നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ, കേസിലെ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനാവശ്യമായ പ്രോസിക്യൂഷൻ അനുമതി തേടാൻ പോലും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇതുവരെ നടപടിയെടുത്തിട്ടില്ല.

മുൻ ദേവസ്വം അധികൃതരടക്കം 15 പേരാണ് കട്ടിളപ്പാളി കേസിൽ പ്രതികൾ. ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം നൽകാൻ സർക്കാരിൽനിന്ന് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസു, മുൻ പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായതായി എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അടക്കമുള്ളവർ പ്രതികളായ ദ്വാരപാലക കേസിൽ ശാസ്ത്രീയ പരിശോധനയുടെ ഫലം ഉൾപ്പെടെയുള്ള ചില രേഖകൾ ലഭിക്കാനുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

മുൻ ദേവസ്വം ബോർഡ് അംഗങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പ്രതികളായ കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തര വകുപ്പ്, ദേവസ്വം വകുപ്പ്, നിയമ വകുപ്പ് എന്നിവ കുറ്റപത്രം പരിശോധിച്ച ശേഷമാണ് അനുമതി നൽകേണ്ടത്.

എന്നാൽ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എസ്ഐടി ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല. ഈ മാസം അവസാനത്തോടെ അനുമതിക്കായി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്നാണ് വിവരം.

സെപ്റ്റംബർ 22ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസത്തിൽ എസ്ഐടി എന്ത് വിശദീകരണം നൽകുമെന്നതാണ് ഇനി നിർണായക ചോദ്യം.

You may also like