Home Keralaപ്രിയദർശിനിക്ക് 100 ദിവസം; 700 സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയെന്ന് ഉടമകൾ, 130 കോടിയുടെ നഷ്ടമെന്ന് അവകാശവാദം

പ്രിയദർശിനിക്ക് 100 ദിവസം; 700 സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയെന്ന് ഉടമകൾ, 130 കോടിയുടെ നഷ്ടമെന്ന് അവകാശവാദം

by news_desk1
0 comments

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്ക് 100 ദിവസം പിന്നിടുമ്പോൾ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി വീണ്ടും ശക്തമാക്കി ബസുടമകൾ. പദ്ധതി മൂലം 100 ദിവസത്തിനിടെ 130 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നാണ് സ്വകാര്യ ബസുടമകളുടെ അവകാശവാദം. ഇതോടെ 700 ബസുകൾ ഓട്ടം നിർത്തിയെന്നും നിലവിൽ ഓടുന്ന 11,000 ബസുകളിൽ പകുതിയിലധികവും പകുതി സർവീസ് മാത്രമാണ് നടത്തുന്നതെന്നും അവർ പറയുന്നു.

ജൂൺ 15നാണ് കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ഇന്ന് 100 ദിവസം പൂർത്തിയാക്കുകയാണ്.

പ്രിയദർശിനി വന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് ഉടമകളുടെ പരാതി. വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും തൊഴിലാളികളുടെ കുറവ് മൂലം സർവീസുകളും മുടങ്ങുന്നുണ്ടെന്നും അവർ പറയുന്നു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണുമായി നാളെ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.

യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവച്ച് സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് സ്വകാര്യ ബസുടമകളുടെ പ്രതിനിധി ടി. ഗോപിനാഥൻ മുന്നറിയിപ്പ് നൽകി.

അതേസമയം, പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർവീസ് ക്രമീകരണം ഉൾപ്പെടെയുള്ള വിവിധ നിർദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്.

എന്നാൽ തങ്ങൾക്ക് കാര്യമായ ആശ്വാസമൊന്നും നൽകുന്നതല്ല വിദഗ്ധ സമിതിയുടെ നിർദേശങ്ങളെന്നാണ് ബസുടമകളുടെ നിലപാട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ ആവശ്യം.

You may also like