Home Kerala‘അവൻ ഇനി മടങ്ങിവരില്ല’; കാണാതായ മകന്റെ രൂപം തടിയിൽ തീർത്ത് അമ്മ അന്ത്യകർമങ്ങൾ നടത്തി, കണ്ണീരിൽ നീണ്ടകര

‘അവൻ ഇനി മടങ്ങിവരില്ല’; കാണാതായ മകന്റെ രൂപം തടിയിൽ തീർത്ത് അമ്മ അന്ത്യകർമങ്ങൾ നടത്തി, കണ്ണീരിൽ നീണ്ടകര

by news_desk1
0 comments

കൊല്ലം: വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ നടത്തി അമ്മ രേഷ്മ. പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മകന്റെ രൂപം തടിയിൽ തീർത്ത് ദഹിപ്പിച്ചത്. നീണ്ടകരയിൽ ഉണ്ടായ വള്ളം അപകടത്തിൽ മകനൊപ്പം ഭർത്താവിനെയും അച്ഛനെയും രേഷ്മയ്ക്ക് നഷ്ടമായിരുന്നു.

വള്ളം മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ ഗൗതമിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രേഷ്മ പ്രതിഷേധിച്ചിരുന്നു. എന്നാൽ തിരച്ചിലിനൊടുവിലും മകനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഏറെ വേദനയോടെ അന്ത്യകർമങ്ങൾ നടത്തിയത്.

അതിനിടെ, സർക്കാർ അവഗണിക്കുന്നുവെന്ന ആരോപണവുമായി രേഷ്മ നേരത്തെയും രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ സാഹചര്യത്തിൽ ജോലി നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ തുടർനടപടികളുണ്ടായില്ലെന്നാണ് രേഷ്മയുടെ പരാതി.

വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ലെന്നും അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും രേഷ്മ ആരോപിച്ചു. മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്നും തങ്ങളുടെ പ്രശ്‌നങ്ങൾ ആരും പരിഗണിക്കുന്നില്ലെന്നും അവർ പറഞ്ഞു.

മകനെ കാത്തിരുന്ന അമ്മയ്ക്ക് ഒടുവിൽ അവന്റെ രൂപം മാത്രം ബാക്കിയായപ്പോൾ നടത്തിയ അന്ത്യകർമങ്ങൾ നീണ്ടകരയിൽ വേദനയുടെ കാഴ്ചയായി.

You may also like