തിരുവനന്തപുരം: മലയാള സിനിമയുടെ പ്രിയപ്പെട്ട മധുവിന് ഇന്ന് 93-ാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സംവിധായകനായും നിർമാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ മധുവിന് പിറന്നാൾ ആശംസകളുമായി നടൻ മമ്മൂട്ടി.
മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മധുവിന്റെ വലിയ ആരാധകൻ കൂടിയായ മമ്മൂട്ടി പലപ്പോഴും അദ്ദേഹത്തോടുള്ള ആരാധന തുറന്നുപറഞ്ഞിട്ടുണ്ട്. ‘ഞാനിപ്പോഴും മധു സാറിന്റെ ആരാധകനാണ്. അദ്ദേഹമാണ് എന്റെ സൂപ്പർ സ്റ്റാർ’ എന്നാണ് മമ്മൂട്ടി പറയാറുള്ളത്. മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് മധുവും വിവിധ അഭിമുഖങ്ങളിൽ വാചാലനായിട്ടുണ്ട്.
1933 സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായരാണ് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട മധുവായത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ സ്വന്തമായൊരു അധ്യായം എഴുതിച്ചേർത്തു. സിനിമാ പ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് മധുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളജ് അധ്യാപകന്റെ റോളിൽ നിന്ന് മധുവിനെ സ്കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞുനിന്നിരുന്ന കാലത്തായിരുന്നു മധുവിന്റെയും സിനിമയിലേക്കുള്ള രംഗപ്രവേശം. എം.എൻ. പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ ആയിരുന്നു ആദ്യ ചിത്രം.
അഭിനയത്തിന് പുറമെ സംവിധാനത്തിലും നിർമാണത്തിലും മധു സാന്നിധ്യമറിയിച്ചു. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തിലെ ശ്രദ്ധേയമായൊരു കാലഘട്ടത്തിന് സാക്ഷിയായ മധുവിന്റെ 93-ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്.
