കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് വിൽപ്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയിൽ വീട്ടിൽ രാഹുൽ (27) ആണ് പാലാരിവട്ടം പൊലീസ് പിടിയിലായത്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പലതവണകളിലായി 428 ഗ്രാമോളം സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്.
സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ച രാഹുൽ പിന്നീട് അസിസ്റ്റന്റ് മാനേജരായി സ്ഥാനക്കയറ്റം നേടി. സ്ഥാപന ഉടമകളുടെ വിശ്വസ്തനായിരുന്ന ഇയാൾ ലോക്കറിൽ ഇടപാടുകാർ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നിന്ന് ക്രമക്കേട് നടത്തി സ്വർണം കൈക്കലാക്കി വിൽക്കുകയായിരുന്നു. ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
സ്റ്റോക്കിൽ നിരന്തരം കുറവ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകൾ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പരാതിയിൽ കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ കഴിഞ്ഞ ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തൃശൂരിൽ പിടിയിലായി. പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പൊലീസ് വീണ്ടെടുത്തു. ബാക്കി സ്വർണത്തിനായി അന്വേഷണം തുടരുകയാണ്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം ഇൻസ്‌പെക്ടർ മഞ്ജിത്ത് ലാൽ പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
