Home Internationalരഹസ്യ യാത്ര, നാല് മണിക്കൂർ കൂടിക്കാഴ്ച; അബുദാബിയിലെത്തി യുഎഇ പ്രസിഡന്റുമായി നെതന്യാഹു

രഹസ്യ യാത്ര, നാല് മണിക്കൂർ കൂടിക്കാഴ്ച; അബുദാബിയിലെത്തി യുഎഇ പ്രസിഡന്റുമായി നെതന്യാഹു

by news_desk1
0 comments

ദില്ലി: സ്വകാര്യ വിമാനത്തിൽ രഹസ്യമായി അബുദാബിയിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾ മാത്രം അബുദാബിയിൽ ചെലവഴിച്ച അദ്ദേഹം പിന്നീട് ഇസ്രയേലിലേക്ക് മടങ്ങി. ഇരുനേതാക്കളും ഏകദേശം നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് വിവരം.

ബെൻ ഗുറിയൻ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിലാണ് നെതന്യാഹു അബുദാബിയിലെത്തിയത്. എന്നാൽ സന്ദർശനത്തിന്റെ അജണ്ടയെക്കുറിച്ച് ഇസ്രയേലോ യുഎഇയോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നെതന്യാഹുവിന്റെ ഓഫീസ് കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങളിൽ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് മുൻപ് യുഎഇ പ്രസിഡന്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ കൂടിക്കാഴ്ചയും ശ്രദ്ധേയമാകുന്നത്. ആക്രമണത്തിന് ഏകദേശം പത്ത് ദിവസം മുൻപ് ഹമാസിന്റെ വലിയ ആക്രമണ സാധ്യതയെക്കുറിച്ച് ബിൻ സായിദ് നെതന്യാഹുവിനെ ഫോണിൽ അറിയിച്ചിരുന്നുവെന്ന അവകാശവാദമാണ് ഉയർന്നത്. ഈ വിവരം ഇസ്രയേൽ സുരക്ഷാ മേധാവികൾക്ക് നെതന്യാഹു കൈമാറിയില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്. അത്തരം ഫോൺ സംഭാഷണം നടന്നിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും ഓഫീസ് പ്രതികരിച്ചിരുന്നു. അതേസമയം, യുഎഇ സർക്കാർ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളിലൂടെയാണ് കൈമാറുന്നതെന്നും നേതാക്കൾ തമ്മിലുള്ള ഇത്തരം സംഭാഷണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

മേഖലയിൽ യുദ്ധവും സംഘർഷങ്ങളും തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ അബുദാബി സന്ദർശനം. 2020ലെ അബ്രഹാം ഉടമ്പടിയിലൂടെ നയതന്ത്രബന്ധം സ്ഥാപിച്ച ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധവും ആശയവിനിമയവും തുടരുന്നതിന്റെ സൂചനയായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്. എന്നാൽ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like