Home Localകൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ കണക്കിലില്ലാത്ത 50 പവൻ

കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ കണക്കിലില്ലാത്ത 50 പവൻ

by news_desk1
0 comments

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തെ സ്ട്രോങ് റൂമിൽ കണക്കിൽപ്പെടാത്ത 50 പവൻ ആഭരണങ്ങൾ കണ്ടെത്തിയതോടെ ദുരൂഹത. ഓഡിറ്റ് പരിശോധനയിലാണ് മാലകളും കിരീടങ്ങളുമടക്കമുള്ള വഴിപാട് ആഭരണങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് ദേവസ്വം ബോർഡിന് കത്തയച്ചു. ആഭരണങ്ങളുടെ കണക്കുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണം ശക്തമാകുകയാണ്.

ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടിനെക്കുറിച്ച് വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ഇതോടെ ഓഡിറ്റ് കണ്ടെത്തൽ അറിഞ്ഞ ബോർഡിലെ ചില ജീവനക്കാർ മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ പരാതി നൽകി. തുടർന്നാണ് വിഷയത്തിൽ അടിയന്തര വിശദീകരണം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചത്.

മാലകൾ, കിരീടങ്ങൾ തുടങ്ങിയ വഴിപാട് ആഭരണങ്ങളാണ് സ്ട്രോങ് റൂമിൽ കണ്ടെത്തിയത്. എന്നാൽ ഇവ എവിടെനിന്ന് ലഭിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ കണക്കുപുസ്തകത്തിലോ രജിസ്റ്ററിലോ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രധാന ആശങ്ക. ദൈനംദിന ആവശ്യങ്ങൾക്കുള്ള ആഭരണങ്ങളും തിരുവാഭരണങ്ങളും വിവിധ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന വഴിപാടുകളും ബോർഡ് ആസ്ഥാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിക്കാറുണ്ട്. പിന്നീട് ഇവ ഉരുക്കി കട്ടികളാക്കി ലോക്കറിലേക്ക് മാറ്റുന്നതാണ് പതിവ്.

ആഭരണങ്ങൾ ലഭിച്ച ഉറവിടം, തൂക്കം തുടങ്ങിയ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിൽ വീഴ്ച കണ്ടെത്തിയതോടെയാണ് സ്ട്രോങ് റൂമിന്റെയും തിരുവാഭരണങ്ങളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥനോട് ഓഡിറ്റ് വിഭാഗം വിശദാംശങ്ങൾ തേടിയത്. പലതവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ നൽകിയില്ലെന്നാണ് ആരോപണം.

ഈ വിഭാഗത്തിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും പരിശോധനയ്ക്കെത്തിയ ഓഡിറ്റ് സംഘത്തിന് നേരിട്ട തടസ്സങ്ങളും ജീവനക്കാരിൽ സംശയം വർധിപ്പിച്ചതായാണ് വിവരം. ഇതോടെയാണ് വിഷയം മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിലെത്തിയത്.

നേരത്തേ, ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഭൂമി സ്വന്തം പേരിലാക്കിയെന്ന ഗുരുതര ആരോപണം നേരിട്ട ഉദ്യോഗസ്ഥനിലേക്കാണ് കണക്കിൽപ്പെടാത്ത ആഭരണങ്ങൾ കണ്ടെത്തിയ സംഭവവും എത്തിനിൽക്കുന്നത്. എന്നാൽ ആരോപണങ്ങളിൽ ഉദ്യോഗസ്ഥന്റെ വിശദീകരണം ലഭ്യമായിട്ടില്ല.

നിലവിൽ കണക്കിൽ ഉൾപ്പെടുത്താത്ത 50 പവൻ ആഭരണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ, കൂടുതൽ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ള വിവാദം നിലനിൽക്കുന്നതിനിടെ കൊച്ചിൻ ദേവസ്വം ബോർഡിലെ കണ്ടെത്തൽ ഉദ്യോഗസ്ഥർക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

You may also like