തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ പലതവണയായി കടത്തിയെന്ന കേസിൽ പൂജാരി അറസ്റ്റിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികൾ മോഷണം പോയ സംഭവത്തിൽ പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.
പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, വിവിധ പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങി ക്ഷേത്രത്തിലെ നിരവധി സാമഗ്രികളാണ് നഷ്ടപ്പെട്ടത്. ജൂൺ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പലതവണകളായാണ് ഇവ കടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നാല് ദിവസത്തെ അവധിക്കായി പ്രിൻസ് മാറിനിന്നപ്പോൾ പകരം മറ്റൊരു പൂജാരി ചുമതലയേറ്റു. ഈ സമയത്താണ് ക്ഷേത്രത്തിലെ സാമഗ്രികൾ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രിൻസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
