തിരുവനന്തപുരം: ലുക്കീമിയ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ. കീമോതെറാപ്പിയുടെ ഭാഗമായി ക്യാനുല സ്ഥാപിച്ചതിൽ പിഴവുണ്ടായെന്നും തുടർന്നുണ്ടായ അണുബാധയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് കുടുംബം ആർസിസിക്കെതിരെ രംഗത്തെത്തി.
കൊല്ലം സ്വദേശികളായ വിഷ്ണു–വീണ ദമ്പതികളുടെ മകൻ വിധാനാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ക്യാനുല സ്ഥാപിച്ചതിനു പിന്നാലെ കുഞ്ഞിന്റെ ഇടതുകൈയിൽ നീരും അണുബാധയും ഉണ്ടായെന്നും ദിവസങ്ങൾ കഴിയുംതോറും കൈയുടെ അവസ്ഥ വഷളായെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യവകുപ്പ് മന്ത്രിക്കും ആർസിസി ഡയറക്ടർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ ലുക്കീമിയയുടെ ഭാഗമായുണ്ടായതല്ലെന്നും ചികിത്സയ്ക്കിടെയുണ്ടായ അനാസ്ഥയാണ് കാരണമെന്നും അമ്മ വീണ ആരോപിച്ചു. കൈയിലെ നീരും അണുബാധയും നെഞ്ചിലേക്കും വ്യാപിച്ചിട്ടും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
കൈയുടെ അവസ്ഥ മോശമായതോടെ കുഞ്ഞിന് ഭക്ഷണം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുണ്ടായതെന്ന് അമ്മ പറഞ്ഞു. ക്യാനുല സ്ഥാപിച്ചതിനെ തുടർന്നാണ് കൈയിൽ നീരുണ്ടായതെന്ന കാര്യം ആശുപത്രി അധികൃതർ അംഗീകരിക്കുന്നില്ലെന്നും അണുബാധയുടെ കാരണം വ്യക്തമാക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.
മകനെ സ്വന്തം മടിയിൽ കിടത്തി പരിചരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോൾ കുഞ്ഞ് വെന്റിലേറ്ററിലാണെന്നും അമ്മയുടെ വാക്കുകൾ.
