Home Education/Careerസുപ്രീംകോടതിയിൽ 166 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത

സുപ്രീംകോടതിയിൽ 166 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത

by news_desk1
0 comments

ന്യൂഡൽഹി: സുപ്രീംകോടതിയിൽ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ കോർട്ട് അറ്റൻഡന്റ്, കോർട്ട് മാസ്റ്റർ, കോർട്ട് അസിസ്റ്റന്റ്, സീനിയർ പേഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യതയും പ്രായപരിധിയും തസ്തികകൾക്കനുസരിച്ച് വ്യത്യസ്തമാണ്. താൽപര്യമുള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം.

കോർട്ട് അസിസ്റ്റന്റ് (ടെക്നിക്കൽ അസിസ്റ്റന്റ് കം പ്രോഗ്രാമർ): 15 ഒഴിവുകളാണുള്ളത്. ശമ്പളനിരക്ക് 44,900–1,42,400 രൂപ. കമ്പ്യൂട്ടർ സയൻസ്, ഐ.ടി. തുടങ്ങിയ വിഷയങ്ങളിൽ ബി.ഇ./ബി.ടെക് ബിരുദവും സോഫ്റ്റ്‌വെയർ വികസനത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കിൽ എം.സി.എ./എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ.യും നാലുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. നിയമബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായപരിധി 18–35 വയസ്സ്. നവംബർ 3 മുതൽ 24 വരെ അപേക്ഷിക്കാം.

സീനിയർ പേഴ്സനൽ അസിസ്റ്റന്റ്: ഒരു ഒഴിവാണുള്ളത്. ശമ്പളനിരക്ക് 47,600–1,51,100 രൂപ. അംഗീകൃത സർവകലാശാലാ ബിരുദം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 110 വാക്ക് വേഗം, കമ്പ്യൂട്ടർ പരിജ്ഞാനം, മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗം എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 18–30 വയസ്സ്. നവംബർ 10നകം ഓൺലൈനായി അപേക്ഷിക്കണം.

ജൂനിയർ കോർട്ട് അറ്റൻഡന്റ്: 130 ഒഴിവുകളാണുള്ളത്. ശമ്പളനിരക്ക് 21,700–69,100 രൂപ. എസ്.എസ്.എൽ.സി., പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18–27 വയസ്സ്. നവംബർ 4 മുതൽ 25 വരെ അപേക്ഷിക്കാം.

കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്): 20 ഒഴിവുകളാണുള്ളത്. ശമ്പളനിരക്ക് 67,700–2,08,700 രൂപ. അംഗീകൃത സർവകലാശാലാ ബിരുദം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 120 വാക്ക് വേഗം, കമ്പ്യൂട്ടർ പരിജ്ഞാനം, മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗം എന്നിവ വേണം. സർക്കാർ, പൊതുമേഖല, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിൽ പ്രൈവറ്റ് സെക്രട്ടറി, സീനിയർ പി.എ., സീനിയർ സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിൽ സ്ഥിരസർവീസിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. പ്രായം 30നും 45നും ഇടയിലായിരിക്കണം. നവംബർ 15നകം ഓൺലൈനായി അപേക്ഷിക്കാം.

പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി. നോൺക്രീമിലെയർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധിയിളവുണ്ട്. അപേക്ഷാ നടപടികൾ, യോഗ്യതകൾ, മറ്റ് വ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ **www.sci.gov.in**-ൽ ലഭ്യമാണ്.

You may also like