കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. അന്യായമായ സസ്പെൻഷനുകൾ പിൻവലിക്കുക, വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തിലാണ് താരം സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്താ ജെറോം ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് പ്രകാശ് രാജ് കാലടിയിലെത്തിയത്.
സസ്പെൻഷന് മുൻപ് 100 ശതമാനം ഹാജരുണ്ടായിരുന്ന മിടുക്കരായ വിദ്യാർത്ഥികളെ പോലും സർവകലാശാല പരീക്ഷ എഴുതിക്കാതെ ജീവിതം തുലയ്ക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പ്രകാശ് രാജിന് സ്ഥിതിഗതികൾ വിശദീകരിച്ചു നൽകി. ഇതിന് പിന്നാലെ വിസിക്ക് നേരെ രൂക്ഷമായ ഭാഷയിലാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചതിന് വിദ്യാർത്ഥികൾ എന്തിന് വിസിയോട് മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യ സമരം അടക്കമുള്ള മഹത്തായ മുന്നേറ്റങ്ങളെല്ലാം പ്രതിഷേധങ്ങളിലൂടെയാണ് ജനിച്ചതെന്നും, കലയേയും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെയും തിരിച്ചറിയാനുള്ള തലച്ചോറോ സംവേദനക്ഷമതയോ ഇവിടുത്തെ വി.സിക്ക് ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ എഴുതിക്കൊടുത്ത് ശീലമുള്ള പാരമ്പര്യമാണ് രാജ്യത്തെ ഇപ്പോഴത്തെ ചില ഭരണാധികാരികളുടേതെന്നും, എന്നാൽ ഭഗത് സിംഗിന്റെയും മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും പാരമ്പര്യം പേറുന്ന ഇവിടുത്തെ വിദ്യാർത്ഥികൾ ആരോടും മാപ്പ് പറയാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് സധൈര്യം വ്യക്തമാക്കി. കലാകാരന്മാർ തങ്ങളുടെ കലയിലൂടെ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുമ്പോൾ വിദ്യാർത്ഥികൾ പോരാട്ടത്തിലൂടെ പ്രതികരിക്കുമെന്നും, അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ കൂടെയുണ്ടാകുമെന്നും പ്രകാശ് രാജ് ഉറപ്പിച്ചു പറഞ്ഞു.
