Home Kerala‘മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മല്ല’; മകളുടെ വിവാഹത്തിന് പിണറായി എത്തിയതും ചൂണ്ടിക്കാട്ടി ബി. ഗോപാലകൃഷ്ണൻ

‘മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മല്ല’; മകളുടെ വിവാഹത്തിന് പിണറായി എത്തിയതും ചൂണ്ടിക്കാട്ടി ബി. ഗോപാലകൃഷ്ണൻ

by news_desk1
0 comments

തൃശ്ശൂർ: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പാർട്ടിയുടെ പേരിൽ നടക്കുന്ന ചിലരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും സിപിഐഎം നേതാക്കൾ അതിന് മുതിരുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകളുടെ വിവാഹത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതും രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധങ്ങളുടെ ഉദാഹരണമായി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പിണറായി വിജയനും ചടങ്ങിനെത്തിയിരുന്നു. അതുകൊണ്ട് അദ്ദേഹം മാർക്സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഇ.പി. ജയരാജൻ വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നിലപാടുകൾക്കപ്പുറം വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് തന്റെ സമീപനമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി. “അടിമുടി ബിജെപിക്കാരനാണ് ഞാൻ. എന്നാൽ എല്ലാവരുമായും നല്ല ബന്ധമാണ്. കേരളവർമ കോളേജിൽ എസ്എഫ്ഐയുടെ വോട്ടുകൊണ്ടാണ് ഞാൻ വിജയിച്ചത്. അതെല്ലാം എന്റെ സമീപനത്തിന്റെ ഭാഗമാണ്. മനുഷ്യന്റെ ഏറ്റവും വലിയ ഗുണം സ്വാർഥതയ്ക്കപ്പുറം മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുകയെന്നതാണ്,” അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎം പ്രവർത്തകർ ചെറുതാകുകയാണെന്നും നേതാക്കൾ അത്തരം പ്രവർത്തനങ്ങൾ ചെയ്യില്ലെന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. സിപിഐഎമ്മിന്റെ പേരിൽ നടക്കുന്നവരായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും ആർഎസ്എസുമായി ബന്ധമില്ലാത്തവരെ സംഘികൾ എന്ന് വിളിക്കുന്നതുപോലെ ഇത്തരം പേരുകൾ ദുരുപയോഗം ചെയ്യുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമായും മറ്റെല്ലാവരുമായും തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും മകളുടെ വിവാഹത്തെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കാൻ താൽപര്യമില്ലെന്നും കൂട്ടിച്ചേർത്തു.

നടൻ ദുൽഖർ സൽമാനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനാലാണ് മമ്മൂട്ടി തന്നോട് അടുപ്പം പുലർത്തുന്നതെന്ന ആരോപണവും ഗോപാലകൃഷ്ണൻ തള്ളി. ഇത്തരം ആരോപണങ്ങൾ സിപിഐഎം പ്രവർത്തകരുടെ അൽപ്പത്തരമാണെന്നും മഹാനടന്റെ മഹാമനസ്സിനെ കളങ്കപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ സിപിഐഎമ്മിന് തിരിച്ചുവരാനുള്ള സാഹചര്യമില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് ആശംസകൾ അറിയിക്കാനായി മമ്മൂട്ടി ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ഈ സന്ദർശനത്തിനു പിന്നാലെയാണ് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ചും ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.

You may also like