കോട്ടയം: മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ പൂർവവിദ്യാർഥികളാണ് പ്രതികൾ.
ട്യൂഷൻ പഠനത്തിന്റെ മറവിൽ വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് പലതവണയായി പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ചെറിയ തുകകൾ ചോദിച്ചുതുടങ്ങിയ സംഘം പിന്നീട് ഭീഷണി ശക്തമാക്കി. പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിൽ ഭയന്ന വിദ്യാർഥി മാതാവിന്റെ അറിവില്ലാതെ വീട്ടിലെ സ്വർണാഭരണങ്ങൾ പലതവണയായി പ്രതികൾക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സംഘം കൈക്കലാക്കിയത്.
സ്വർണം കൈപ്പറ്റിയിട്ടും പ്രതികൾ പണം ആവശ്യപ്പെടുന്നത് തുടർന്നു. പണമില്ലെന്ന് വിദ്യാർഥി അറിയിച്ചതോടെ ഇലക്ട്രിക് സൈക്കിൾ വിറ്റ് പണം നൽകണമെന്ന് നിർബന്ധിച്ചു. ഇതോടെയാണ് കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
എസ്.ഐ. ജോജൻ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥിയിൽനിന്ന് തട്ടിയെടുത്ത സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ലക്ഷങ്ങൾ വിലവരുന്ന ഐഫോണുകളും ഇരുചക്രവാഹനങ്ങളും പ്രതികൾ വാങ്ങിയതായി പൊലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
