ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരിചയക്കാരനായ യുവാവാണ് കാറിൽവെച്ച് ഉപദ്രവിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്.
മോമോ കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ കാറിൽ സി.എൻ.ജി നിറയ്ക്കാനെന്ന് പറഞ്ഞ് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.
ശരീരത്തിൽ മോശമായി സ്പർശിച്ച യുവാവ് അശ്ലീല പരാമർശങ്ങൾ നടത്തുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. സംഭവത്തിന്റെ വീഡിയോ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പലതവണ അപേക്ഷിച്ചിട്ടും യുവാവ് അതിക്രമത്തിൽ നിന്ന് പിന്മാറിയില്ലെന്നും, ദേഹത്ത് തൊട്ടാൽ താൻ വാഹനത്തിൽ നിന്ന് ചാടി മരിക്കുമെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. “രണ്ടുമിനിറ്റ് മാത്രം മതിയാകും” എന്ന് യുവാവ് പറയുന്നതും, സഹകരിക്കാത്ത പക്ഷം യുവതിയെ മോശമായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, തന്റെ ദേഹത്ത് തൊടാൻ അനുവദിക്കില്ലെന്ന് യുവതി ഉറച്ച നിലപാട് സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു.

