Home Keralaപിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്; സുരക്ഷാ കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്; സുരക്ഷാ കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

by news_desk1
0 comments

കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയിരിക്കുന്ന പൊലീസ് ജീപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന് ഇസഡ് പ്ലസ് സുരക്ഷ ലഭിച്ചിരുന്ന വ്യക്തിയാണെന്നും, അതിന്റെ ഭാഗമായാണ് വീടിന് മുന്നിൽ പൊലീസ് ജീപ്പ് വിന്യസിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്തി സുരക്ഷാ സമിതിയാണ് ജീപ്പ് തുടരണമോ മാറ്റണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് സംവിധാനവുമായി ബന്ധപ്പെട്ട് മറ്റ് പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. മയ്യിൽ പൊലീസ് സ്റ്റേഷനു ആവശ്യമായ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചതായും, ഓണത്തിന് മുമ്പ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.

ചെറുപുഴ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് സ്ഥലം ലഭ്യമാക്കിയാൽ അവിടെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഘട്ടംഘട്ടമായി നവീകരിക്കുമെന്നും, സ്റ്റേഷനുകൾക്ക് ഏകീകൃത പെയിന്റിംഗ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 64 സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും എസ്.ഐമാർക്ക് വീണ്ടും ചുമതല നൽകുമെന്നും അറിയിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള പൊലീസിന് പുതിയ മുഖം കൈവരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച അദ്ദേഹം, കോൺഗ്രസ് പ്രവർത്തകരുടെ അത്താണിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, പ്രവർത്തകരുടെ പ്രശ്നങ്ങൾ നേരിട്ട് ഏറ്റെടുത്ത നേതാവായിരുന്നുവെന്നും പറഞ്ഞു. കണ്ണൂരിൽ കല്ലേറ് ഉണ്ടായിട്ടും പിറ്റേന്ന് ഹർത്താൽ നടത്താൻ പോലും അദ്ദേഹം പാർട്ടിയെ അനുവദിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

You may also like