വാഷിങ്ടൺ ഡി.സി: പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ അമേരിക്ക ഒരേസമയം മൂന്ന് വ്യത്യസ്ത പ്രകൃതിക്ഷോഭങ്ങളുടെ പിടിയിലായി. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കനത്ത പുകമഞ്ഞും, തെക്കൻ സംസ്ഥാനങ്ങളിൽ പ്രളയവും, പടിഞ്ഞാറൻ മേഖലകളിൽ അതിവേഗം പടരുന്ന കാട്ടുതീയുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. വായു മലിനീകരണവും പ്രകൃതിക്ഷോഭങ്ങളും രൂക്ഷമായ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകളോട് വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകി.
കാനഡയിലെ കാട്ടുതീയെത്തുടർന്നുണ്ടായ കനത്ത പുക ഗ്രേറ്റ് ലേക്സ് മുതൽ വാഷിങ്ടൺ ഡി.സി വരെയുള്ള കിഴക്കൻ അമേരിക്കൻ മേഖലകളെ മൂടിയിരിക്കുകയാണ്. ചിക്കാഗോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വായുനിലവാരം അതീവ അപകടകരമായ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ലേക്ക് മിഷിഗൺ തീരത്തെ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചുപൂട്ടി.
അതേസമയം, ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ വൻ പ്രളയത്തിന് വഴിവെച്ചു. ചില പ്രദേശങ്ങളിൽ 27 ഇഞ്ചിലധികം മഴയാണ് ചുരുങ്ങിയ സമയത്തിനിടെ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചതായും നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഇതിനൊപ്പം യു.എസിന്റെ പടിഞ്ഞാറൻ മേഖലയായ പസഫിക് നോർത്ത് വെസ്റ്റിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് നിരവധി പുതിയ കാട്ടുതീകൾ പടർന്നുപിടിച്ചു. നിലവിൽ 15 സംസ്ഥാനങ്ങളിലായി 68 വലിയ കാട്ടുതീകളാണ് കത്തിക്കൊണ്ടിരിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കാൻ 17,000-ത്തിലധികം അഗ്നിശമന സേനാംഗങ്ങളും ഹെലികോപ്റ്ററുകളും സൈനിക സംഘങ്ങളും രംഗത്തുണ്ട്. ഈ വർഷം ഇതുവരെ 3.72 ദശലക്ഷം ഏക്കർ ഭൂമിയാണ് കാട്ടുതീയിൽ നശിച്ചതെന്നാണ് കണക്ക്.
ഭൂമിയിലെ താപനില ഉയരുന്നതോടെ അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം സംഭരിക്കാൻ കഴിയുന്നതാണ് ഒരേസമയം കടുത്ത വരൾച്ചയും പ്രളയവും പോലുള്ള അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ ഇടപെടലുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇത്തരം കൂട്ടപ്രതിസന്ധികൾക്ക് വഴിവെക്കുന്നതെന്നും അവർ മുന്നറിയിപ്പ് നൽകി.

