Home Nationalകരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും

കരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും

by news_desk1
0 comments

കരൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകളും വിജയ് നേരിട്ട് കൈമാറും.

ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള നടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വിജയ് കരൂരിലെത്തിയത്.

ഭരണകക്ഷിയായ ടിവികെയുടെ നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. എന്നാൽ ഈ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജഡ്ജിമാർ വ്യക്തമാക്കി.

ദുരന്തബാധിതർക്കുള്ള തൊഴിൽ നിയമനം, സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിഎംകെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയോട് കോടതി വിമർശിച്ചു. “ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ല,” എന്ന് കോടതി ഡിഎംകെ അഭിഭാഷകനോട് ചോദിച്ചു.

നേരത്തെ വിജയിയുടെ കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു. തുടർന്ന് മുഖ്യമന്ത്രി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് മുമ്പ് സിബിഐയുടെ അഭിപ്രായം തേടണമെന്നും സാക്ഷി മൊഴികൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സിബിഐയെയും മേൽനോട്ട സമിതിയെയും സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികളുൾപ്പെടെ 41 പേരാണ് മരിച്ചത്. റാലിയിലെ അശാസ്ത്രീയ ക്രമീകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന് ഡിഎംകെ ആരോപിക്കുമ്പോൾ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു മരണങ്ങളെന്നാണ് ടിവികെയുടെ നിലപാട്.

നിലവിൽ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കരൂരിൽ അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

You may also like