Home Entertainment‘ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല’; വിവാദമായ വീഡിയോയ്ക്ക് വിശദീകരണവുമായി ഉർവശി

‘ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല’; വിവാദമായ വീഡിയോയ്ക്ക് വിശദീകരണവുമായി ഉർവശി

by news_desk1
0 comments

‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി നടി ഉർവശി. സംഭവത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിച്ചതിനാലാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് ഉർവശി പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“നമ്മൾ ഒരു കാര്യം വേദിയിൽ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്.

ഈശ്വരൻ കടാക്ഷിച്ച് നല്ലൊരു ജോലി എനിക്കുണ്ട്. നല്ല പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ മക്കളോടും എന്റെ ഭർത്താവിനോടും എനിക്ക് പറഞ്ഞാൽ മതി,” ഉർവശി പറഞ്ഞു.

സംഭവസമയത്ത് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നും താരം വിശദീകരിച്ചു. താൻ വേദിയിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നത് കണ്ടു. അവതാരക ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ആ അമ്മ അവിടെനിന്ന് ‘മലയാളം, മലയാളം’ എന്ന് പറയുന്നുണ്ടായിരുന്നുവെന്നും ആംഗ്യം കാണിച്ച് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഉർവശി പറഞ്ഞു.

“ആ സമയത്ത് ഞാൻ അവതാരകയോട് നേരിട്ട് ‘മലയാളത്തിൽ സംസാരിക്കൂ’ എന്ന് പറഞ്ഞാൽ അതിന്റെ അർഥം അവിടെ മാറും. ‘എന്തിനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്, മലയാളത്തിൽ പറയൂ’ എന്ന് പറയാൻ പറ്റുമോ,” എന്നും ഉർവശി ചോദിച്ചു.

അവതാരക ആദ്യമായാണ് ആങ്കറിങ് ചെയ്യുന്നതെന്നും താരം പറഞ്ഞു. “സുന്ദരമായിട്ട് ആ കുട്ടി അവളുടെ ജോലി ചെയ്തു. വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് ആ കുട്ടി തന്റെ ജോലി ചെയ്തത്. അതും നല്ല സെൻസ് ഓഫ് ഹ്യൂമറുമായിരുന്നു.

എന്നെപ്പോലെ സംസാരിച്ചു. അപ്പോൾ നമുക്കൊരു എനർജി അല്ലേ. അപ്പോൾ ഇവളോട് തിരിച്ചും നമുക്ക് തമാശ പറയണമല്ലോ എന്ന് തോന്നും. അപ്പോഴാണ് ‘ഐ ആം ദ് സോറി ചേച്ചി’ എന്ന് തമാശ രൂപേണ പറഞ്ഞത്. പക്ഷേ പ്രചരിച്ച വീഡിയോകളിൽ ആ ഭാഗങ്ങളൊന്നും വരുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല,” ഉർവശി വ്യക്തമാക്കി.

You may also like