ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന ‘രാമായണം’ ആദ്യഭാഗത്തിന്റെ റിലീസിനായി കാത്തിരിപ്പ് ശക്തമാകുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം 2026 നവംബർ 5ന് തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ് ലഭിച്ചു. മൂന്ന് മണിക്കൂറും 15 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ഐമാക്സ് ത്രീഡി ഉൾപ്പെടെയുള്ള ഫോർമാറ്റുകളിൽ ചിത്രം ആസ്വദിക്കാനാകും. അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ചിത്രത്തിലെ ‘രാവണതാണ്ഡവം’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എ.ആർ. റഹ്മാനാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ചിത്രത്തിന്റെ വമ്പൻ ദൃശ്യവിസ്മയത്തിന്റെ സൂചനകൾ നൽകിയിരുന്നു.
രൺബീർ കപൂർ അവതരിപ്പിക്കുന്ന ശ്രീരാമൻ ധർമ്മബോധത്തിന്റെ പ്രതീകമായാണ് ചിത്രത്തിൽ എത്തുന്നത്. സീതയായി വേഷമിടുന്ന സായ് പല്ലവി കഥാപാത്രത്തിന്റെ ലാളിത്യവും കരുത്തും അനുകമ്പയും വെള്ളിത്തിരയിലെത്തിക്കുന്നു. യഷിന്റെ രാവണവേഷവും ചിത്രത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും, മുൻപ് ടെലിവിഷൻ പരമ്പരയിൽ ശ്രീരാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും എത്തുന്നു.
ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങും വേഷമിടുന്നു. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ദൃശ്യപ്രഭാവ സ്റ്റുഡിയോ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിഎൻഇജിയാണ് ചിത്രത്തിന്റെ ദൃശ്യപ്രഭാവങ്ങൾക്ക് പിന്നിൽ. ഇന്ത്യയിലെ വിവിധ തലമുറകളിലെ ചലച്ചിത്രപ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ വമ്പൻ പദ്ധതിയുടെ അന്താരാഷ്ട്ര വിതരണച്ചുമതല സോണി പിക്ചേഴ്സിനാണ്. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമാ പരമ്പരയിലെ ആദ്യഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയതും വലിയ ക്യാൻവാസിലുള്ളതുമായ പ്രോജക്ടുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ ഇതിഹാസത്തെ അതിന്റെ സാംസ്കാരിക മഹത്വത്തോടെയും ദൃശ്യഭംഗിയോടെയും ലോകത്തിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് നിർമാതാവ് നമിത് മൽഹോത്ര നേരത്തേ വ്യക്തമാക്കിയിരുന്നു.
