Home Nationalമോഷ്ടിക്കാനെത്തിയത് പഴയ സ്കൂളിൽ; പ്രിൻസിപ്പലിനെ കണ്ടതോടെ ആക്രമണം, മൂന്ന് മുൻ വിദ്യാർഥികൾ പിടിയിൽ

മോഷ്ടിക്കാനെത്തിയത് പഴയ സ്കൂളിൽ; പ്രിൻസിപ്പലിനെ കണ്ടതോടെ ആക്രമണം, മൂന്ന് മുൻ വിദ്യാർഥികൾ പിടിയിൽ

by news_desk1
0 comments

റാഞ്ചി: മോഷണത്തിനിടെ പിടിക്കപ്പെടുമെന്ന ഭയം; ഒടുവിൽ സ്വന്തം സ്കൂളിലെ പ്രിൻസിപ്പലിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് മുൻ വിദ്യാർഥികൾ. ഝാർഖണ്ഡിലെ ഖുന്തിയിലുള്ള ആർ.സി. ബോയ്സ് മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബെനഡിക്ട് ബാർലയെ ആക്രമിച്ച കേസിൽ 13, 14, 15 വയസ്സുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

സെന്റ് മൈക്കിൾസ് പള്ളിയുമായി ബന്ധപ്പെട്ട സ്കൂളിൽ ഒക്ടോബർ 20ന് രാത്രി 8.30ഓടെയാണ് നാലുപേരും അതിക്രമിച്ചുകയറിയത്. പ്രാദേശിക മേളയിൽ പങ്കെടുക്കാൻ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. നാലുപേരും ഈ സ്കൂളിൽനിന്ന് ഏഴാം ക്ലാസ് പൂർത്തിയാക്കിയവരും മുമ്പ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നവരുമാണ്.

മോഷണം നടത്തുന്നതിനിടെ പ്രിൻസിപ്പൽ ഫാദർ ബെനഡിക്ട് ബാർലയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പിടിക്കപ്പെടുമെന്ന ഭയത്തിൽ പ്രതികളിലൊരാൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് നെറ്റിയിലും കണ്ണിനു സമീപവുമാണ് അടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പ്രിൻസിപ്പലിനെ അടുത്ത ദിവസം രാവിലെയാണ് കണ്ടെത്തിയത്. തുടർന്ന് റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചികിത്സ തുടരുകയാണ്.

കസ്റ്റഡിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷ്ടിച്ച 85,747 രൂപയും മൊബൈൽ ഫോണുകളും പണം ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം വനമേഖലയിൽ കുഴിച്ചിട്ട നിലയിലായിരുന്നു.

സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും നാലാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

You may also like