ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ച കമ്പ്യൂട്ടർ വിപണിയെയും പ്രതിസന്ധിയിലാക്കുന്നു. റാം ക്ഷാമം രൂക്ഷമായതോടെ കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പുകൾക്കായി ഇന്റൽ പുറത്തിറക്കിയ വൈൽഡ്കാറ്റ് ലേക്ക് പ്രോസസറുകൾ പൂർണമായും വിറ്റുതീർന്നു. ആവശ്യത്തിനനുസരിച്ച് ചിപ്പുകൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് കമ്പനി വ്യക്തമാക്കി. മെമ്മറി ക്ഷാമം 2028 മുതൽ 2030 വരെ നീണ്ടേക്കാമെന്ന മുന്നറിയിപ്പും പ്രമുഖ നിർമാതാക്കൾ നൽകുന്നുണ്ട്.
2026ലെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ഇന്റൽ മേധാവി ലിപ്-ബു ടാൻ വൈൽഡ്കാറ്റ് ലേക്ക് പ്രോസസറുകൾക്ക് ഉയർന്ന ആവശ്യകതയുണ്ടെന്ന് സ്ഥിരീകരിച്ചത്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് സിൻസ്നറും ചിപ്പുകളുടെ ലഭ്യമായ ശേഖരം പൂർണമായും വിറ്റുതീർന്നതായി അറിയിച്ചു. ലാപ്ടോപ്പുകളുടെ നിർമാണച്ചെലവ് നിയന്ത്രിക്കാനും താരതമ്യേന കുറഞ്ഞ വിലയിൽ മോഡലുകൾ വിപണിയിലെത്തിക്കാനും സഹായിക്കുന്നതാണ് ഈ പ്രോസസറുകളുടെ പ്രത്യേകത.
ഡെൽ എക്സ്പിഎസ് 13, എച്ച്.പി. ഓംനിബുക്ക് 5 14 തുടങ്ങിയ വിൻഡോസ് ലാപ്ടോപ്പുകളിൽ വൈൽഡ്കാറ്റ് ലേക്ക് പ്രോസസറുകൾ ഉപയോഗിക്കുന്നുണ്ട്. ബജറ്റ് ലാപ്ടോപ്പുകൾ തേടുന്നവർക്ക് ഇത്തരം മോഡലുകൾ ആകർഷകമാണെങ്കിലും ചില പതിപ്പുകളിൽ എട്ട് ജി.ബി. റാം മാത്രമാണുള്ളത്. ഒരേസമയം നിരവധി ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനും കൂടുതൽ മെമ്മറി ആവശ്യമുള്ള ജോലികൾക്കും ഇത് പരിമിതിയാകാം.
എ.ഐ. ഡാറ്റാ സെന്ററുകൾക്കായി കമ്പനികൾ വൻതോതിൽ മെമ്മറി ഉപയോഗിക്കുന്നതാണ് നിലവിലെ റാം ക്ഷാമത്തിന് പ്രധാന കാരണം. ഇതോടെ സാധാരണ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പുകൾക്കും ആവശ്യമായ മെമ്മറിയുടെ വിലയും കുതിച്ചുയരുകയാണ്. 2027ലും ലഭ്യതയിൽ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നാണ് ഇന്റലിന്റെ വിലയിരുത്തൽ. സാഹചര്യം മെച്ചപ്പെടുന്നുണ്ടോയെന്ന് അറിയാൻ 2028 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഡേവിഡ് സിൻസ്നർ വ്യക്തമാക്കി.
മെമ്മറി നിർമാതാക്കളായ മൈക്രോണും പ്രതിസന്ധി നീളുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2027ലും 2028ലും മെമ്മറിയുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം വർധിച്ചേക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 2027ലെ ഉൽപ്പാദനത്തിന്റെ 75 ശതമാനത്തിലധികവും ഇതിനകം ഉപഭോക്താക്കൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്ന് മൈക്രോൺ മേധാവി സഞ്ജയ് മെഹ്റോത്ര അറിയിച്ചു.
എസ്.കെ. ഹൈനിക്സിന്റെ ഡിആർഎഎം, ഹൈ ബാൻഡ്വിഡ്ത്ത് മെമ്മറി ശേഖരം 2029 വരെ വിറ്റുതീർന്നതായും റിപ്പോർട്ടുകളുണ്ട്. ക്ഷാമം 2030 വരെ തുടർന്നേക്കാമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. 2027ൽ എ.ഐ. മേഖലയിലെ ആവശ്യകത മെമ്മറി വിതരണത്തെ മറികടക്കുമെന്നാണ് സാംസങ്ങിന്റെയും വിലയിരുത്തൽ.
എ.ഐ. മേഖലയിലെ വളർച്ച സെമികണ്ടക്ടർ വിതരണ ശൃംഖലയിലാകെ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. പുതിയ നിർമാണശാലകൾ സ്ഥാപിക്കാൻ കമ്പനികൾ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ സമയമെടുക്കും. അതേസമയം, എ.ഐ. കമ്പ്യൂട്ടിങ്ങിനായുള്ള വർധിച്ച ആവശ്യകതയ്ക്കിടയിലും പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിൽ വലിയ പുനരുജ്ജീവനമുണ്ടാകുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.
